BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

പത്മകുമാറിലൂടെ പുറത്തുവന്നത് പത്തനംതിട്ട സിപിഎമ്മിലെ ഏറെ കാലമായുള്ള വിഭാഗീയത; ഗൗരവമായി കണ്ട് സിപിഎം, നടപടി.

പത്തനംതിട്ട സിപിഎമ്മില്‍ ഏറെ കാലമായി നീറിപുകയുന്ന വിഭാഗീയതയാണ് മുൻ എംഎല്‍എ എ പത്മകുമാറിൻ്റെ പരസ്യ പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്.

സംസ്ഥാനസമ്മേളന നടപടികള്‍ പൂർത്തിയാകും മുൻപുള്ള ഇറങ്ങിപ്പോക്കിനെ സംസ്ഥാന നേതൃത്വവും അതീവഗൗരവത്തോടെ കാണുന്നു. മറ്റന്നാള്‍ ചേരുന്ന ജില്ലാകമ്മിറ്റിയില്‍ നടപടി വരാനാണ് സാധ്യത.

വിവാദങ്ങള്‍ ഒന്നുമില്ലാതെ അവസാനിക്കേണ്ട കൊല്ലം സമ്മേളനമാണ്. പക്ഷേ പൊതുസമ്മേളനത്തിനു മുൻപ് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പത്മകുമാറിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിക്ക് ആകെ നാണക്കേടായി. പത്മകുമാറിനെ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒക്കെ ആക്കിയിട്ടുണ്ട് പാർട്ടി. എന്നാല്‍ സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത അതൃപയ്ക്ക് കാരണം. ചതിവ് - വഞ്ചന - അവഹേളനം. അഞ്ചു പതിറ്റാണ്ടിലേറെയായി ഉള്ള കോമ്രേഡ്ഷിപ്പിനെ പത്മകുമാർ ഇങ്ങനെ ചുരുക്കി എഴുതി ഫേസ്ബുക്കില്‍.

വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ എടുത്തതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നാണ് പത്മകുമാർ പറയുന്നത്. എന്നാല്‍ വീണയെ പോലും പരിഗണിച്ചിട്ടും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവായ തന്നെ അവഗണിച്ചതായി പത്മകുമാർ പലരോടും പരിതപിക്കുന്നു. ഏറെക്കാലമായി പത്തനംതിട്ടയിലെ സിപിഎമ്മില്‍ ഒറ്റയാനാണ് പത്മകുമാർ. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയാകാൻ കുപ്പായം തൈപ്പിച്ചതാണ്. ആഗ്രഹം പക്ഷേ മറ്റു നേതാക്കള്‍ കൈകോർത്ത് മുളയിലെ നുള്ളി കളയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ മുൻകൈ എടുത്തവരില്‍ ഒരാള്‍ പത്മകുമാർ ആയിരുന്നു. ഐസക്കിന്റെ വരവില്‍ പാർലമെൻററി മോഹം തകർന്ന പലരും ആ ദേഷ്യവും പത്മകുമാറിനോട് തീർത്തു. എന്തായാലും സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ പത്മകുമാറിനെതിരെ നടപടി വരുമെന്ന് ഔദ്യോഗിക വിഭാഗം ഉറപ്പിച്ചു പറയുന്നു. മുഖ്യമന്ത്രിക്കും കടുത്ത അതൃപതി ഉണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഇരുകൈ നീട്ടി സ്വാഗതം ചെയ്തെങ്കിലും തല്‍ക്കാലം പത്മകുമാർ പാർട്ടി വിടില്ലന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ

ആഴക്കടൽ ധാതു ഖനനം: ഉപേക്ഷിക്കണമെന്ന സംയുക്ത പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കും.

ആഴക്കടൽ ധാതു ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രമേയം സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചേക്കും എന്നാണ് സൂചന.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിൻ്റെ തീരങ്ങളിൽ ആഴക്കടൽ ഖനനം ആരംഭിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
2002 ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും കഴിഞ്ഞ വർഷം അതിൽ വരുത്തിയ ഭേദഗതികളും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമല്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അവരുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉപേക്ഷിച്ച് നിർദ്ദിഷ്ട ആഴക്കടൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ലഹരി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചിരുന്നു.സഭനിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യറാവുകയായിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ എത്തും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി പി രാജീവ് മറുപടി നൽകും.

അതേസമയം ആശാവർക്കർമാരുടെ സമര വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇന്ന് പിരിയുന്ന സഭാ സമ്മേളനം ഇനി തിങ്കളാഴ്ചയാണ് വീണ്ടും ചേരുക.

കേരളത്തിലെ 46 റോഡുകൾ നവീകരിക്കും; സർക്കാർ 156 കോടി അനുവദിച്ചു.

കേരളത്തിലെ 46 റോഡുകൾ നവീകരിക്കാനൊരുങ്ങി സർക്കാർ. ഇതിനായി 156 കോടി രൂപ അനുവദിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
 തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപ, പാലക്കാട് ജില്ലയിൽ മലമ്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും അനുമതിയായി.മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകൾക്കായി 22.5 കോടി രൂപ. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂർ, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കുന്നതിന് 38.75 കോടി രൂപയും അനുവദിച്ചു. 

വയനാട് മാനന്തവാടിയിലെ റോഡിന് അഞ്ചു കോടി രൂപ. കണ്ണൂരിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകൾക്കുവേണ്ടി 27.8 കോടി രൂപ. കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നാലു റോഡുകൾക്കായി 14.1 കോടി രൂപയും അനുവദിച്ചു.കഴിഞ്ഞ മാസം 383 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി നൽകിയിരുന്നു. ഇതിനു പുറമേയാണ് കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതിയായത്.

പുതിയ തലമുറ വല്ലാതെ അസ്വസ്ഥരെന്ന് മുഖ്യമന്ത്രി; ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്.

സംസ്ഥാനത്ത് വളരുന്ന ലഹരി-അക്രമ സംഭവങ്ങളിൽ നിയമസസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. എല്ലായിടത്തും മത്സരം ആണെന്നും പുതിയ തലമുറ വല്ലാതെ അസ്വസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

87,702 കേസുകൾ ഈ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തെന്നും. മയക്കു മരുന്ന് കേസിലെ ശിക്ഷാ നിരക്ക് കേരളത്തിൽ കൂടുതലാണെന്നും. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 5 സ്റ്റാർ ഹോട്ടലുകൾ കേരളത്തിൽ വരുന്നത് മദ്യവ്യാപനമായി കാണരുതെന്നും അത് നാടിൻ്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ എക്സൈസ് വകുപ്പിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളതെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയിലെ ചർച്ചയിൽ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. മിസ്റ്റർ സിഎം എന്നാണ് ചെന്നിത്തല വിളിച്ചതെന്നും. അതിലെന്താണ് തെറ്റെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

തൻ്റേടത്തോടെ മുന്നോട്ട് പോകും, രാജ്യദ്രോഹശക്തികൾക്കെതിരായ പോരാട്ടം തുടരും: പിസി ജോർജ്

തൻ്റേടത്തോടെ മുന്നോട്ട് പോകുമെന്നും ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരുമെന്നും ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്.  
വാർത്ത ചാനലിൽ മുസ്ലീം മതത്തിനെതിരെ വിദ്വേഷപരമായ പരാമർശം നടത്തിയതിന് എടുത്ത കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പിസി ജോർജിൻ്റെ പ്രതികരണം.

കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് വരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രശ്നങ്ങൾ അടക്കം ഉന്നയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ പിസി ജോർജ് തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നായാളാണെന്നും ജാമ്യം നൽകിയാൽ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പ്രൊസീക്യൂഷൻ വാദിച്ചു. 

പക്ഷേ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയിൽ പിസി ജോർജിന് കോടതി ജാമ്യം നൽകുകയായിരുന്നു.

കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് കീഴടങ്ങിയത്.