അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടത്തും.
വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായികമേള 'സ്‌കൂള്‍ ഒളിംപിക്‌സ്' എന്ന പേരിലാണ് നടത്തുന്നത്. കൂടാതെ, ശാസ്ത്ര മേള പാലക്കാടും സ്‌പെഷല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുച്ച് മനുഷ്യാവകാശ കമ്മീഷന്‍.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അപകടം സംഭവിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂലൈ 26ന് രാവിലെ 11 ന് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്.
തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത് മറിച്ചുവിറ്റു.
ഭൂ മാഫിയക്കുവേണ്ടി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകള്‍ പൊലീസിന്റെ പിടിയിലായി. പ്രവാസിയായ സ്ത്രീയുടെ വളർത്തുമകള്‍ ചമഞ്ഞ് വ്യാജരേഖയുണ്ടാക്കിയ മെറിൻ ജേക്കബ് എന്ന യുവതി സംഭവത്തില്‍ മുഖ്യകണ്ണിയാണെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ ഉള്‍പ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയി ഡോറ അസറിയ ക്രിസ്തിന് 10 മുറികള്ളുള്ള വീടും 14 സെൻറ് വസ്തുവുമാണ് ജവഹർ നഗറിലുണ്ടായിരുന്നത്. ഈ ഭൂമി നോക്കിനടത്താൻ ഒരു ബന്ധുവിനെയാണ് ഡോറ ഏല്‍പ്പിച്ചിരുന്നത്. ഭൂമിയുടെ കരമടക്കാൻ ബന്ധുവായ അമൃത്നാഥ് പോള്‍ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയെന്നാണ് അറിഞ്ഞത്. അമൃത് നാഥ് നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.
കവടിയാർ വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം ഡോറയുടെ വളർത്തുമകള്‍ മെറിൻ ജേക്കബിന് ഭൂമിയും വീടും ഇഷ്ടദാനമായി എഴുതി നല്‍കി രജിസ്റ്റർ ചെയ്തിരുന്നു. തനിക്ക് വളർത്തുമകളില്ലെന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നില്ലെന്നും ഡോറ മ്യൂസിയം എസ്‌എച്ച്‌ഒ വിമലിനെ രേഖാമൂലം അറിയിച്ചു. ഇതോടെയാണ് വൻ റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്. കൊല്ലം സ്വദേശി മെറിൻ ഇഷ്ടദാനമായി വാങ്ങിയ ഭൂമി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് അനില്‍ തമ്ബിയുടെ ഭാര്യ പിതാവ് രാജസേനൻ എന്നയാള്‍ക്കാണ് വിറ്റത്. അഞ്ചുകോടിയലധികം രൂപ വിലവരുന്ന വസ്തു ഒന്നരകോടിക്കാണ് വിലയാധാരം ചെയ്തത്.
ഇഷ്ടദാനത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് പൊലിസ് കണ്ടെത്തി. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോറയായി ആള്‍മാറാട്ടം നടത്തിയ രജിസ്ട്രേഷൻ ഓഫീസിലെത്തി ഇഷ്ടദാന രേഖകളില്‍ ഒപ്പിട്ടത് മണ്ണന്തല മുക്കോല സ്വദേശിയായ വസന്തയാണെന്ന് കണ്ടെത്തി. ക്യാൻസർ രോഗിയായ വസന്തക്ക് ഭൂമി മാഫിയ പണം നല്‍കിയാണ് ആള്‍മാറാട്ടത്തിന് ഉപയോഗിച്ചത്. ഭൂ മാഫിയ സംഘത്തില കണ്ണിയാണ് വളർത്തുമകളെന്ന് വ്യാജേന ഇഷ്ടദാനം എഴുതിവാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വിദേശത്തേക്ക് പോയ മെറിനുവേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. യൂറോപ്പില്‍ നിന്നും ഇന്നലെ വിമാനത്താവളത്തിലെത്തിയ മെറിനെയും പൊലിസ് പിടികൂടി. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ഭൂമാഫിയ സംഘവും ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘമാണ് കോടികള്‍ വിലമതിക്കുന്ന പ്രവാസിയുടെ ഭൂമി തട്ടിയെടുത്തതെന്ന് പൊലിസ് പറയുന്നു.
രജിസ്ട്രേഷന് പിന്നില്‍ പ്രവർത്തിച്ച വെണ്ടറും ഭൂമി വാങ്ങിയവരും ഉള്‍പ്പെടെ ഒളിവിലാണെന്നും പൊലിസ് പറയുന്നു. മതിയായ രേഖകളില്ലാതെ എങ്ങനെ ഭൂമി വാങ്ങിയതെന്നാണ് ഭൂമി വാങ്ങിയവരെ സംശയത്തിലാക്കുന്നത്. വീടുവാങ്ങിയവർ പണിയും നടത്തി തുടങ്ങി. പൊലിസ് ഇടപെട്ട് ജോലി നിർത്തിവച്ചു. ഇനിയും മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യാനുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.
ജൂലൈ 4 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള- കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; നാളെ മുതല്‍ ചൊവ്വാഴ്ച വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാട്‌സ്‌ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്.
സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം.
ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും.
ഓണ്‍ലൈന്‍ സാമ്ബത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്ബറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.
പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങള്‍ വഴിയെത്തുന്ന .apk (അപ്ലിക്കേഷന്‍) ഫയലുകളെ സൂക്ഷിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നും ഇത്തരം ഫയലുകള്‍ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷന്‍ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയാല്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കയ്യടക്കും. തുടര്‍ന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകള്‍ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ അപ്ലിക്കേഷന്‍ ഫയലുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും. ശ്രദ്ധിക്കണേ..
ഓണ്‍ലൈന്‍ സാമ്ബത്തികകുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 1930 എന്ന നമ്ബറില്‍ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.
മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ ദുരന്തത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ.
5 ലക്ഷം രൂപയാണ് കുടുംബത്തിന് നല്‍കുക. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.
അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും മന്ത്രിമാരുടെയും ആശുപത്രി അധികൃതരുടേയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
നേരത്തെ സര്‍ക്കാര്‍ ബിന്ദുവിന്റെ സംസ്‌കാരത്തിനായി 50,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു.
സിഎംആര്‍എല്‍ എക്‌സാലോജിക് കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവര്‍ത്തകനായ എം. ആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
തന്നെയും മകളെയും മോശക്കാരാക്കണമെന്ന് ലക്ഷ്യമിട്ടാണ് ഹര്‍ജിയെന്നാണ് മുഖ്യമന്ത്രി കോടതിയെ അറിയിച്ചത്. തന്‍റെ ബിസിനസില്‍ പിതാവോ ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ലന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയും കോടതിയെ അറിയിച്ചിരുന്നു.