BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Latest. Show all posts
Showing posts with label Latest. Show all posts

കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍, കൂടുതല്‍ പരിശോധന വേണ്ടിവരും.

കാസർഗോഡ് പതിന‍ഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. 
കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ഫെബ്രുവരി 12 നാണ് പെണ്‍കുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. 

ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച്‌ പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തെരച്ചില്‍ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചില്‍ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍.
 ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. ക്രിസ്മസ് പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ നേരത്തെ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് അന്വേഷണം തുടരുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികൾ തുടങ്ങി. വകുപ്പ് തല നടപടികൾ തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.
എംഎസ് സൊല്യൂഷൻസിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.

മികച്ച അംഗൻവാടി അധ്യാപിക അവാർഡ് ഏറ്റുവാങ്ങി, ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അംഗൻവാടി അധ്യാപിക ലിനി.

മികച്ച അംഗൻവാടി അധ്യാപിക അവാർഡ് ഏറ്റുവാങ്ങി, ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അംഗൻവാടി അധ്യാപിക ലിനി.
സംസ്ഥാനത്തെ മികച്ച അംഗൻവാടി അധ്യാപകർക്കുള്ള പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ലിനി ടീച്ചറും കുട്ടികളും .

ലാറ്റിൻ ഫ്രീട്ടോണിറ്റി കോൺഗ്രസ് ഭാരവാഹികൾ ലിനി ടീച്ചർക്ക് വീട്ടിലെത്തി ഉപഹാരം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചൈയ്തു.
ആലപ്പുഴ മുൻ എംപിയും ലാറ്റിൻ ഫ്രീട്ടോണിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ഡോ:കെ. എസ് മനോജ്, ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, ട്രഷറർ സോളമൻ അറയ്ക്കൽ, വൈസ് പ്രസിഡണ്ട് പ്രിറ്റി തോമസ്, ജോ സെക്രട്ടറി സുജ അനിൽ, മുൻ പഞ്ചായത്ത് മെമ്പർ സി.എ ലിയോൺ, പി.ജെ വിൽസൺ എന്നിവർ സന്നിഹിതരായി.

സിനിമാ സമരത്തിൽ നിന്നും പിൻമാറണം: ഫിലിം ചേമ്പറിനോട് മന്ത്രി സജി ചെറിയാൻ.

സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരവുമായി മുന്നോട്ട് പോകരുതെന്നും പ്രശ്ന വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറാകാമെന്നാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. മാര്‍ച്ച് 27 നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ്റെ റിലീസ്. 

ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനത്തോടെയാണ് സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുകഞ്ഞ് തുടങ്ങിയത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. പ്രസ്തുത വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി എമ്പുരാന്‍ സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്ന് ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ആന്‍റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എമ്പുരാന്‍ തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്‍റ് അറിയിച്ചത്.

ആലപ്പുഴ ജില്ലയിലെ അനധികൃത കയ്യേറ്റങ്ങളും നിലം നികത്തലും കർശന നടപടിയെന്ന് ജില്ലാ വികസന സമിതി യോഗം.

ആലപ്പുഴ ജില്ലയിലെ അനധികൃത കയ്യേറ്റങ്ങളും നിലം നികത്തലും കർശന നടപടിയെന്ന് ജില്ലാ വികസന സമിതി യോഗം. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
അനധികൃത കയ്യേറ്റങ്ങളും നിലം നികത്തലും കണ്ടെത്തി മെമ്മോ നൽകി പൊളിച്ചു നീക്കാനാണ് യോഗത്തിൽ കർശന നിർദ്ദേശം ഉണ്ടായത്. 
വിവിധ സംഘടനകളും, സാമൂഹിക പ്രവർത്തകരും നിരവധി തവണ പരാതികൾ നൽകിയിട്ടും വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ചകൾ വരുത്തുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

അനധികൃതമായി നിർമ്മാണം നടത്തിയ റിസോർട്ട് പൊളിച്ചു നീക്കാൻ ഇടപെടൽ നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമാനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് ചാർജ് ചൈയ്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശിപാർശ. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ് ബീച്ച് സുരക്ഷിതമാക്കാനും ജില്ലയിലെ അനധികൃത നിലംനികത്തലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.

 ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയോഗത്തിൽ എംഎല്‍എമാരായ പി.പി.ചിത്തരഞ്ജനും എച്ച് സലാമുമാണ് ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയത്. 
തോമസ് കെ തോമസ് എംഎൽഎ, രമേശ് ചെന്നിത്തല എംഎല്‍എയുടെയും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും പ്രതിനിധികള്‍, കായംകുളം നഗരസഭ ചെയര്‍പെഴ്സണ്‍ പി ശശികല എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ആലപ്പുഴ ബീച്ചും പരിസരപ്രദേശങ്ങളും ലഹരിമരുന്ന് ഉപയോഗം, അനാശാസ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കേന്ദ്രമായി മാറുന്നുണ്ടെന്നും ജില്ലാകളക്ടര്‍, പൊലീസ്, എക്സൈസ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിപി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍ദേശിച്ചു.
 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാത്രമേ ബീച്ചില്‍ കടകള്‍ക്ക് പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കാവൂ എന്നും ബീച്ചില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കടകളുടെ ഭാഗമായുള്ള അനധികൃത നിര്‍മാണങ്ങള്‍ പേര്‍ട്ട് അധികൃതര്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് എച്ച് സലാം എംഎല്‍എ ആവശ്യപ്പെട്ടു.

 ലഹരിമരുന്നുപയോഗവും അനാശാസ്യപ്രവര്‍ത്തനങ്ങളും വ്യാപകമെന്ന പരാതിയില്‍ പൊലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ സംയുക്തസംഘം ഉടന്‍ ബീച്ചില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശിച്ചു.

 ലൈസന്‍സ് നല്‍കിയ കടകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ കളക്ടര്‍ പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.

Afan's father Rahim arrives in Kerala: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ്റെ പിതാവ് റഹിം നാട്ടിലെത്തി; സാമ്പത്തിക ബാധ്യത 15 ലക്ഷം മാത്രം

 

ഇന്ന് രാവിലെ 7.45 നാണ് റഹീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.


കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാൻ്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം തിരുവനന്തപുരത്ത് എത്തി.

ഇന്ന് രാവിലെ 7.45 നാണ് റഹീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

റഹിമിൻ്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്ന പാങ്ങോട് താഴേപാങ്ങോടുള്ള ജുമാ മസ്ജിദിലേക്ക് ആദ്യം റഹീം പോകും.

പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിക്കും.

റഹിമിന്റെ മാനസിക അവസ്ഥ പരിഗണിച്ച ശേഷം മാത്രമെ പോലീസ് ചോദ്യം ചെയ്യലിലേക്ക് കടക്കുകയുള്ളു. 

65 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാൻ പോലീസിൽ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് 15 ലക്ഷം രൂപയുടെ കടം മാത്രമേയുള്ള എന്ന് പിതാവ് റഹീം പറഞ്ഞു.

ആയതിനാൽ തന്നെ റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 



'നമ്മളെ അവർ നന്നായി മുതലെടുക്കുന്നു'; ഇന്ത്യയുടെ വ്യാപാരനയങ്ങളെ വിമര്‍ശിച്ച് ട്രംപ്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു


വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് രാജ്യത്തിന് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യ അമേരിക്കയെ നന്നായി മുതലെടുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു, അവര്‍ 200 ശതമാനം താരിഫ് ചുമത്തുന്നു. ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നത് തുടരുമ്പോഴാണ്, ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായം നല്‍കിയിരുന്നത് അനാവശ്യമായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സഹായിക്കുന്നതിന് യുഎസ് എന്തിനാണ് 18 മില്യണ്‍ ഡോളര്‍ സഹായം നല്‍കുന്നതെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ധനസഹായം നല്‍കിയെന്ന ആരോപണം, ആശങ്കാജനകവും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്

 2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്. 60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് നടിമാരെ ചോദ്യം ചെയ്യുന്നത്.

2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത്. നടി തമന്ന അടക്കമുള്ള സെലിബ്രിറ്റികള്‍ അതിഥികളായി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. പിന്നീട്, മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തി, വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു.

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പുതുച്ചേരിയില്‍ നിരവധി ആളുകളില്‍ നിന്നായി 3.4 കോടി രൂപയാണ് പ്രതികള്‍ പിരിച്ചെടുത്തത്. ഈ കേസില്‍ നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി, തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്‌കരന്‍ പറഞ്ഞു. മൊത്തം 60 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് വിലയിരുത്തലെന്നും പൊലീസ് സൂചിപ്പിക്കുന്നു.