സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തിൻ്റെ തീരങ്ങളിൽ ആഴക്കടൽ ഖനനം ആരംഭിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
2002 ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും കഴിഞ്ഞ വർഷം അതിൽ വരുത്തിയ ഭേദഗതികളും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമല്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അവരുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉപേക്ഷിച്ച് നിർദ്ദിഷ്ട ആഴക്കടൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരി വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചിരുന്നു.സഭനിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യറാവുകയായിരുന്നു. സംസ്ഥാനത്തെ കോളേജുകളിൽ റാഗിംഗ് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ശ്രദ്ധ ക്ഷണിക്കൽ ആയി സഭയിൽ എത്തും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചോദ്യോത്തരവേളയിൽ മന്ത്രി പി രാജീവ് മറുപടി നൽകും.
അതേസമയം ആശാവർക്കർമാരുടെ സമര വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇന്ന് പിരിയുന്ന സഭാ സമ്മേളനം ഇനി തിങ്കളാഴ്ചയാണ് വീണ്ടും ചേരുക.
No comments
Post a Comment