കയറ്റുമതി ഇറക്കുമതി ആവശ്യത്തിനും ജലയാത്രയ്ക്കും കരയാത്രയ്ക്കുമായി റോഡുകളും തോടുകളും പാലങ്ങളും നിർമ്മിച്ചു.
ആലപ്പുഴ നഗരത്തിലൂടെ കടന്നു പോകുന്നത് ഏതെങ്കിലും പാലങ്ങൾ കടന്നു വേണം,
പേരുകൊണ്ടും രൂപം കൊണ്ടും ഏറെ കൗതുകം നിറഞ്ഞതാണ് ആലപ്പുഴ നഗരത്തിലെ പാലങ്ങൾ.
ബ്രിട്ടീഷ് എൻജിനീയറിങ് വൈവിധ്യം നിറഞ്ഞ മുപ്പാലം തന്നെയാണ് പാലങ്ങളിൽ കേമൻ ,
ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും, അകലെയല്ലാത്ത മുപ്പാലം മൂന്ന് കനാലുകളും, ഏഴ് റോഡുകളും സംഗമിക്കുന്ന മുപ്പാലം എന്തുകൊണ്ടോ നമ്മുടെ ഭരണാധികാരികൾ പുതുക്കി പണിയാൻ തീരുമാനിച്ചു.
അറ്റകുറ്റപ്പണികൾ നടത്തി പുതുക്കി പണിത് “പഴമ” നിലനിൽക്കുന്ന രീതിയിൽ സംരക്ഷിക്കേണ്ട ഒന്നാണെന്ന് ഓർക്കാതെയാണ്.
വികസനമെന്ന നിർമ്മാണ നിർവ്വഹണം ആപ്തവാക്യമാക്കിയ ഭരണാധികാരികൾ പുതിയ പാലത്തിന് തറക്കല്ലിട്ടു.
മുപ്പാലം അങ്ങനെ നാൽപ്പാലമാക്കി മാറ്റി.
പണ്ടെങ്ങോ ഉളിയന്നൂർ ഗ്രാമത്തിൽ നാട്ടാരുടെ ആവശ്യപ്രകാരം ഒരു കുളം കുഴിച്ചു.
തച്ചുശാസ്ത്രത്തിൽ പേരുകേട്ട പെരും തച്ചനെയാണ് കുളം പണിയാൻ തീരുമാനിച്ചത്.
പലരുടെയും ആവശ്യപ്രകാരം കുളം ഒരുവശത്ത് നിന്നും നോക്കിയാൽ വട്ടത്തിലും, മറ്റൊരു വശത്ത് നിന്നും നോക്കുമ്പോൾ നീളത്തിലും, വേറൊരു വശത്ത് നിന്നാൽ ചതുരത്തിലും കാണാമായിരുന്നു.
എന്നത് പോലെയാണ് മുപ്പാലം .
എന്തായാലും ജനനായകർ നാലു വശത്തും നിന്ന് നേതൃത്വം നൽകിയത് കൊണ്ടായിരിക്കാം
അങ്ങനെ നാൽപ്പാലമാക്കി മാറ്റിയതും.
വളരെ മനോഹരമായി സൃഷ്ടിച്ച പാലവും റോഡും ആലപ്പുഴയുടെ വികസന സങ്കൽപ്പങ്ങൾ വേറെയൊരു “ വൈബ് “
സൃഷ്ടിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല.
എന്തായാലും പാലം പണി പൂർത്തിയാക്കി മനോഹരമായ വീഡിയോ റീൽസും ഇറങ്ങി.
ഇനിയിപ്പോൾ അവകാശത്തെ കുറിച്ചുള്ള തർക്കമാണ് ചർച്ചാവിഷയം.
അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ഇടയ്ക്കിടെ പാലം പണി പുരോഗമിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ലൈവ് പ്രമോഷന്റെ ഭാഗമായി ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക വഴി ഇതിന്റെ പ്രായോജകൻ താനാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
തന്റെ മണ്ഡലത്തിന്റെ തൊട്ടു നിൽക്കുന്ന നാൽപ്പാലം തന്റേതായ ആശയവും ആവിഷ്കാരവും മറ്റൊരാൾ തട്ടിയെടുത്താൽ സഹിക്കാൻ കഴിയുന്നതല്ല എന്നാണ് ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജൻ.
എന്തായാലും പാലം നിർമാണം പൂർത്തിയാക്കിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ രണ്ടു പേരും മത്സരമാണ്.
രാജാ കേശവദാസ് കഴിഞ്ഞാൽ ആലപ്പുഴയിലെ പൊതു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ മുൻ അമ്പലപ്പുഴ എംഎൽഎയും, പൊതു മരാമത്ത് മന്ത്രിയുമായ ജി സുധാകരൻ ഇതൊക്കെ കണ്ടും കേട്ടും അടങ്ങിയിരിക്കുമെന്ന് ആലപ്പുഴയിലെ ജനങ്ങൾ കരുതാൻ സാധ്യത ഇല്ല.
മുൻ എംപി എ എം ആരിഫ് വീഡിയോ റീൽസും ഫെയ്സ്ബുക്ക് പോസ്റ്റിട്ട് തൃപ്തിയായി എന്ന് മാത്രം എന്തായാലും അവകാശ വാദങ്ങൾക്ക് താനില്ലെന്ന് ഉറപ്പിച്ചു.
ആലപ്പുഴ എംപി കെ സി വേണുഗോപാൽ ഇത്തരം ചീള് കേസുകളിൽ തനിക്ക് താൽപ്പര്യമില്ല എന്ന നിലപാടിലുമാണ്.
എന്തായാലും ഉദ്ഘാടനവേളയിൽ ഒരു ഫ്ളക്സ് ബോർഡുകളിലും തനിക്ക് സ്ഥാനം കാണില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ടാകാം വിശദമായ വിശദീകരണം നൽകാൻ ജി സുധാകരൻ തയ്യാറായത്,
ആലപ്പുഴയിലെ പാലങ്ങളെയും റോഡുകളെയും ജീവന് തുല്യം സ്നേഹിച്ച ജി സുധാകരൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഇങ്ങനെയാണ് പറയുന്നത്
👇ആലപ്പുഴ നഗരം 250 വർഷത്തിനുമേൽ രാജാ കേശവദാസനാൽ രൂപകൽപ്പന ചെയ്യപെട്ടതാണെന്നാണ് പറയപ്പെടുന്നത്. പക്ഷേ അന്നത്തെ കനാലുകളും സംവിധാനങ്ങളും പിന്നീട് കാലഹരണപ്പെടുകയും പലതും ദുർവിനിയോഗം ചെയ്യപ്പെടുകയും കാത്തുസൂക്ഷിക്കാൻ കഴിയാതെ വരികയും ചെയ്തതോടുകൂടി കനാലുകൾ ആലപ്പുഴയുടെ ശാപമാണെന്ന് പറഞ്ഞു തുടങ്ങി.
ആലപ്പുഴയെ പുതുക്കിപ്പണിയുക എന്ന ഒരു മുദ്രാവാക്യം ഇന്ന് രാഷ്ട്രീയേതര മുദ്രാവാക്യമാണ്,
വികസന മുദ്രാവാക്യമാണ് പുരോഗമന മുദ്രാവാക്യമാണ്.
2006 ലെ വി എസ് ഗവൺമെന്റിന്റെ കാലത്ത് ഈ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുകയുണ്ടായി.
അതിനുശേഷം ഉള്ള ഇത്രയും വർഷക്കാലത്തെ ഔദ്യോഗികവും അനൗദ്യോഗികവുമായ എന്റെ പ്രവർത്തനം ഈ ലക്ഷ്യം നേടാൻ വേണ്ടിയായിരുന്നു.
അതിലൂടെ വലിയ മാറ്റങ്ങൾ ആലപ്പുഴയിൽ ഉണ്ടാക്കുവാൻ സാധിച്ചു. അതിന്റെ ഭാഗമായിട്ട് ആലപ്പുഴ ടൗണിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ ജില്ലയിലാകെ നിരവധി പാലങ്ങൾ ആവിഷ്കരിച്ച് പൂർത്തീകരിക്കാൻ സാധിച്ചു.
ജില്ലാ കോടതി പാലം, ശവക്കോട്ട പാലം, കൊമ്മാടി പാലം, പള്ളാത്തുരുത്തി കൈനകരി പാലം, നെഹ്റു ട്രോഫി പാലം, നാൽപ്പാലം, നാലുചിറ പാലം, പടഹാരം പാലം, വൈശുംഭാഗം കഞ്ഞിപ്പാടം പാലം, എന്നിങ്ങനെ നിരവധി വൻകിട പാലങ്ങൾ......
അതിൽ മിക്കതും പൂർത്തീകരിച്ചു കഴിഞ്ഞു. ചിലതിനി പൂർത്തീകരിക്കാനും ഉണ്ട്. അതിലൊന്നായാണ് ചരിത്ര പ്രാധാന്യമുള്ള ഈ പുതിയ നാൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
മുൻപ് മൂന്നുവശത്തേക്കും പാലം ഉണ്ടായിരുന്നതിനാൽ ഇത് മുപ്പാലം ആയി അറിയപ്പെട്ടിരുന്നു. അതു മാറ്റി ഇപ്പോൾ നാലുവശത്തേക്കും മനോഹരമായ പാലം. ഒരുപക്ഷേ വളരെ അത്ഭുതകരമായ ഒരു നിർമ്മാണമാണിത്.
കഴിഞ്ഞ സർക്കാർ ഈ നിർമ്മാണത്തിന് 18 കോടി രൂപ അനുവദിച്ചു ശിലാസ്ഥാപനവും നിർവഹിക്കുകയുണ്ടായി. നിർമ്മാണത്തിന് കുറച്ച് കൂടുതൽ കാലം എടുത്തെങ്കിലും ഇപ്പോൾ അത് പൂർത്തീകരിച്ചിരിക്കുകയാണ്.
ആലപ്പുഴയെ പുനർ നിർമ്മിക്കുക എന്നുള്ളതിന്റെ ഒരു സവിശേഷമായ ഉദാഹരണമാണ് ഇത്.
കടപ്പുറത്ത് വരുന്ന വിനോദസഞ്ചാരികൾക്കും, വൈകുന്നേരം സായാഹ്ന വിശ്രമത്തിനെത്തുന്നവർക്കും അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും ഇത് എന്നതിൽ സംശയമില്ല.
കഴിഞ്ഞ പിണറായി ഗവൺമെന്റിന്റെ കാലത്ത് ഇങ്ങനെ 64 പാലങ്ങൾ ആലപ്പുഴ ജില്ലയിലും കേരളത്തിലാകെമാനം 500 പാലങ്ങളും ഡിസൈൻ ചെയ്തു. കേരളത്തിൽ ആദ്യമായി 30 വർഷം കേടുകൂടാതെ നിൽക്കുന്ന വൈറ്റ് ടോപ്പിങ് സംവിധാനം ഉപയോഗിച്ച് ആലപ്പുഴ നഗരത്തിൽ 12 കിലോമീറ്ററിൽ റോഡുകളും
ചെയ്തിരുന്നു.
അങ്ങനെ നൂതനങ്ങളായ പല ആശയങ്ങളും ടെക്നോളജികളും ആലപ്പുഴയിൽ നടപ്പിലാക്കി. ഇന്ന് ആലപ്പുഴ മുന്നിലേക്ക് എത്തിയിരിക്കുന്നു. അതിനെ തുടർന്നും മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളത് ഇന്നത്തെ നഗരസഭയുടെ ജനപ്രതിനിധികളുടെ ഗവൺമെന്റിന്റെ ചുമതലയാണ്. അവരത് നിർവഹിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഇവയെല്ലാം നാട്ടുകാർക്ക് സമർപ്പിക്കുമ്പോൾ വളരെ സന്തോഷമുണ്ട്. അഭിമാനമുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു. നാൽപ്പാലമായി മാറിയ മുപ്പാലത്തിനും, നാട്ടുകാർക്കും, അതു പണിത എൻജിനീയർക്കും കോൺട്രാക്ടർക്കും അടക്കം എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു….
ആലപ്പുഴ വിട്ട് പത്തനംതിട്ടയുടെ മരുമകനായി മാറിയ മുൻ ധനകാര്യ മന്ത്രി ഡോ ടി.എം തോമസ് ഐസക് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
എന്തായാലും ആലപ്പുഴയിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നു ക്രെഡിറ്റ് ആര് വേണമെങ്കിലും എടുത്തോളൂ ഞങ്ങൾക്ക് പാലം കടന്നുകിട്ടിയാൽ മതി….
No comments
Post a Comment