ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ് ബീച്ച് സുരക്ഷിതമാക്കാനും ജില്ലയിലെ അനധികൃത നിലംനികത്തലിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയോഗത്തിൽ എംഎല്‍എമാരായ പി.പി.ചിത്തരഞ്ജനും എച്ച് സലാമുമാണ് ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയത്.
തോമസ് കെ തോമസ് എംഎൽഎ, രമേശ് ചെന്നിത്തല എംഎല്‍എയുടെയും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും പ്രതിനിധികള്‍, കായംകുളം നഗരസഭ ചെയര്‍പെഴ്സണ്‍ പി ശശികല എന്നിവരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ആലപ്പുഴ ബീച്ചും പരിസരപ്രദേശങ്ങളും ലഹരിമരുന്ന് ഉപയോഗം, അനാശാസ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കേന്ദ്രമായി മാറുന്നുണ്ടെന്നും ജില്ലാകളക്ടര്‍, പൊലീസ്, എക്സൈസ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിപി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍ദേശിച്ചു.
മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാത്രമേ ബീച്ചില്‍ കടകള്‍ക്ക് പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കാവൂ എന്നും ബീച്ചില്‍ മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കടകളുടെ ഭാഗമായുള്ള അനധികൃത നിര്‍മാണങ്ങള്‍ പേര്‍ട്ട് അധികൃതര്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് എച്ച് സലാം എംഎല്‍എ ആവശ്യപ്പെട്ടു.
ലഹരിമരുന്നുപയോഗവും അനാശാസ്യപ്രവര്‍ത്തനങ്ങളും വ്യാപകമെന്ന പരാതിയില്‍ പൊലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ സംയുക്തസംഘം ഉടന്‍ ബീച്ചില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശിച്ചു.
ലൈസന്‍സ് നല്‍കിയ കടകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ കളക്ടര്‍ പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.
No comments
Post a Comment