ബലാത്സംഗക്കേസില്‍ പ്രതി ചേർക്കപ്പെട്ട ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത‍്യ.
വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.
മുൻകൂർ ജാമ്യപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സഗ കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നു. വേടനത്തിരേ പുതിയ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ സ്ഥിരം കുറ്റവാളിയെന്ന് പറയാനാകുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
വാദം കേള്‍ക്കുന്നതു വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്നലെ പൊലീസിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബർ ഒന്ന് മുതല്‍ കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഒപി കൗണ്ടർ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരില്‍ കൂടുതല്‍ മുതിർന്ന പൗരന്മാരാണ്. അതുകൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ൻറ്മെൻറ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കിയിട്ടുണ്ട്.
സ്കൂള്‍ സമയം അറബ് നാടുകളിലേതുപോലെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്നു സ്പീക്കർ എ.എൻ.ഷംസീർ. ഇതോടൊപ്പം മതപഠനം എന്നത് സ്കൂള്‍ സമയത്തിന് ശേഷമാക്കുന്ന രീതിയില്‍ മതപണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കതിരൂർ പുല്യോട് ഗവ. എല്‍പി സ്‌കൂളില്‍ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ സമയത്തിനു മുന്പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ബന്ധപ്പെട്ടവർ ഒഴിവാക്കണം. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. പത്ത് മുതല്‍ നാല് വരെയെന്നുള്ള സ്കൂള്‍ സമയത്തിന്‍റെ മാറ്റം സംബന്ധിച്ച് സജീവചര്‍ച്ച നടക്കണം.
ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും രാവിലെ എട്ടിനും ഏഴരയ്ക്കും സ്‌കൂള്‍ ആരംഭിക്കുമ്ബോള്‍ ഇവിടെ മാത്രം പത്ത് എന്ന കാര്യത്തില്‍ വാശിപിടിക്കേണ്ട കാര്യമെന്താണെന്നും സ്പീക്കർ ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരണ നടപടികള്‍ കേരളത്തിന്റെ ലോട്ടറി മേഖലയ്‌ക്ക് ബാദ്ധ്യതയായേക്കും.
ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്ളാബിലേക്ക് മാറ്റുമെന്നാണ് പുതിയ ജി.എസ്.ടി പരിഷ്‌കരണ നിർദേശങ്ങളില്‍ പറയുന്നത്. നിലവില്‍ ലോട്ടറിയ്ക്ക് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്‌ട്ര, ഗോവ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും ലോട്ടറിയുടെ ജി.എസ്.ടി ഉയർത്തുന്നതില്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യാേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള നാല് ജി.എസ്.ടി സ്ളാബുകള്‍ രണ്ടായി കുറയ്ക്കുമെന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് ശതമാനം, 18 ശതമാനം ജിഎസ്.ടിയാകും ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും ഈടാക്കുക. എന്നാല്‍ ഹിതകരമല്ലാത്ത സിഗററ്റുകള്‍, ഗെയിംമിംഗ് തുടങ്ങിയ ഏഴ് ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കമാണ് ലോട്ടറിക്ക് വെല്ലുവിളിയാകുന്നത്. നികുതി കുത്തനെ കൂടുന്നതോടെ ലോട്ടറി വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായേക്കും.
മൊത്തം ലോട്ടറി വരുമാനത്തില്‍ 97 ശതമാനവും കേരളത്തിലാണ്. നടപ്പു സാമ്ബത്തിക വർഷത്തില്‍ ലോട്ടറിയില്‍ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 2014-15 വർഷത്തില്‍ 5,445 കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ ലോട്ടറി വരുമാനം കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 13,244 കോടിയിലെത്തി.
ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നിരക്കാണ് ഉണ്ടായിരുന്നത്. 38-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് രണ്ട് വിഭാഗത്തിന്റെയും നിരക്ക് 28 ശതമാനമായി ഏകീകരിച്ചത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.
രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍ എല്ലാവരും പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സിപി രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണനെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തിരുന്നു. സിപി രാധാകൃഷ്ണന് ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോണ്‍ ചെയ്തിരുന്നു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഡിഎംകെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്‌നാഥ്സിംഗ് ഫോണില്‍ സംസാരിച്ചിരുന്നു.
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരും. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡി കഴിഞ്ഞദിവസം വൈകീട്ട് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു.
192 ദിവസങ്ങള്‍ പിന്നിട്ട ആശാവര്‍ക്കേസിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍.എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നല്‍കുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.
മാര്‍ച്ച് നടത്തുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പേ തന്നെ നോട്ടീസ് നല്‍കിയിട്ടും എന്‍ എച്ച് എം സംസ്ഥാനത്തുടനീളം ആശ മാര്‍ക്ക് പരിശീലന പരിപാടികള്‍ വച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധത്തിനൊടുവില്‍ പരിശീലന പരിപാടി ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി മാസം 10നാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്നാണ് ആശാ വര്‍ക്കേഴ്സ് പറയുന്നത്. 1000 പ്രതിഷേധസദസ്സുകളാണ് സംസ്ഥാനത്തുടനീളം ആശാ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ സമരവും തുടരുമെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്.
ഗവർണർമാർ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് റെഫറൻസില്‍ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.
സുപ്രീംകോടതിക്ക് ഭരണഘടനയുടെ അനുച്ഛേദം 142 ഒരു പ്രത്യേക അധികാരം നല്‍കുന്നുണ്ട്. ഏതെങ്കിലും കേസില്‍ സമ്ബൂർണ നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും ഇത് കോടതിക്ക് അധികാരം നല്‍കുന്നു. അയോധ്യ കേസ് ഉള്‍പ്പെടെയുള്ള പല പ്രധാന കേസുകളിലും ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാൻ സമയപരിധി നിശ്ചയിക്കുന്നത് ഈ അനുച്ഛേദത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.